മൂന്നാർ: സുമനസുകളുടെ കരുതലിൽ പിറന്ന അഴകലൈ എന്ന വീട്ടില്‍ അളകമ്മയ്ക്ക് ഇനി സ്വസ്ഥമായി ഉറങ്ങാം. ചോർന്നൊലിക്കുന്ന വീട്ടിൽ കഴിഞ്ഞിരുന്ന മൂന്നാർ സ്വദേശിനി അളകമ്മയ്ക്ക് സെന്റര്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സോഷ്യല്‍ ജസ്റ്റീസ് എന്ന സംഘടനയാണ് വീട് വച്ച് നൽകിയത്. അളകമ്മയ്ക്കും വേണ്ടേ ഒരു അഴക് ജീവിതം എന്ന ദീപിക വാര്‍ത്തയാണ് ഈ വീട്ടമ്മയ്ക്ക് തുണയായത്.
പണി പൂര്‍ത്തിയായ വീടിന്റെ താക്കോല്‍ സംഘടനയുടെ ജില്ലാ പ്രസിഡന്റ് ജോസഫ് ഡിസില്‍വ അളകമ്മയ്ക്ക് കൈമാറി. ഏപ്രിലിലാണ് വീടിന്റെ തറക്കല്ലിട്ടത്. 50 ദിവസം കൊണ്ടാണ് പണി പൂര്‍ത്തീകരിച്ചത്.
രണ്ടു പതിറ്റാണ്ടായി പഞ്ചായത്തിന്റെ ശുചീകരണ ജോലി ചെയ്യുന്ന അളകമ്മയ്ക്ക് താമസയോഗ്യമായ വീട് എന്നും ഒരു സ്വപ്നമായിരുന്നു. ഇടത് സർക്കാരിന്റെ ലൈഫ് പദ്ധതിയിലും ഈ വീട്ടമ്മ ഉൾപ്പെട്ടില്ല. ഇതിനിടെ 2024 സെപ്റ്റംബര്‍ 25ന് നല്ലതണ്ണി കല്ലാറിലെ മാലിന്യ സംസ്കരണ പ്ലാന്റില്‍ വച്ച് അളകമ്മയ്ക്ക് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു.